Thursday, February 27, 2020

നോമ്പ് : കഷ്ടതയിൽ കൂടിയുള്ള യാത്ര

എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? (ഇയ്യോബ് 10:2)

ഊസ് ദേശത്തെ ഇയ്യോബ് എന്ന ഭക്തന്റെ ജീവിതം നമുക്കറിയാം. ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും അനേകം സമ്പത്തും ഉണ്ടായിരുന്ന ഇയ്യോബിന് അതെല്ലാം നഷ്ടപ്പെടുകയും അവന്റെ ആരോഗ്യം നശിക്കുകയും ചെയ്തു. ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബിനെ ഭാര്യയും സുഹൃത്തുക്കളും  നിർബന്ധിച്ചു എങ്കിലും ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബ് തയ്യാറായില്ല. ഇയ്യോബ് ദൈവത്തോട് തന്റെ സങ്കടം പറയുന്നു , "ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ." (ഇയ്യോബ് 10:2). ദൈവഭക്തനായ തനിക്ക് ,ഒരിക്കൽ ‌പോലും ദൈവത്തിൽ നിന്ന് മാറിപ്പോകാത്ത , മക്കളുടെ പാപങ്ങൾക്ക് പോലും പരിഹാരയാഗം കഴിക്കുന്ന തനിക്കെതിരെ എന്താണ് ദൈവകോപത്തിന്റെ അടിസ്ഥാനം എന്നറിയാൻ ഇയ്യോബിന് ആഗ്രഹമുണ്ട്. അവനത് ദൈവത്തോട് ചോദിക്കാൻ ശ്രമിക്കുകയാണ്....

കുറച്ചു പുറകോട്ട് പോയാൽ ദൈവത്തിന്റെ മുമ്പിൽ ദൈവപുത്രന്മാരോടൊപ്പം സാത്താൻ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ലോകം മുഴുവൻ സഞ്ചരിച്ച് സാത്താൻ ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുകയാണ് സാത്താൻ. തന്റെ ഭക്തനായ ഇയ്യോബിനെക്കുറിച്ച് ദൈവം സാത്താനോട് പറയുമ്പോൾ  സാത്താൻ ദൈവത്തോട് പറയുന്നത് ഇങ്ങനെയാണ്. ഇയ്യോബിനെയും അവനുള്ള സകലത്തെയും ദൈവം അനുഗ്രഹിച്ചതുകൊണ്ടാണ് ഇയ്യോബ് ദൈവത്തോട് ഭക്തിയുള്ളവനായിരിക്കുന്നത്. അവനുള്ളതിനെ തൊട്ടാൽ ഇയ്യോബ് ദൈവത്തെ ത്യജിച്ച് പറയും എന്ന് സാത്താൻ പറഞ്ഞു. തന്റെ ഭക്തനായ ഇയ്യോബിന്റെ ദൈവഭക്തിയെക്കുറിച്ച് ദൈവത്തിന് ഉറപ്പായിരുന്നു. ഇയ്യോബിന്റെ ജീവനൊഴികെ എല്ലാം ദൈവം സാത്താനെ ഏൽപ്പിച്ചു.  ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ  യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി. (ഇയ്യോബ്1:12) .  ഇയ്യോബിന്റെ മക്കൾ കൊല്ലപ്പെടുകയും വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോഴും ഇയ്യോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. വീണ്ടൂം സാത്താൻ ദൈവമുമ്പാകെ എത്തി. ഇയ്യോബിന്റെ ശരീരത്തിന് ബലഹീനതകൾ സംഭവിച്ചാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ ദൈവത്തോട് പറയുമ്പോൾ ദൈവം സാത്താനോട് പറയുന്നു , യഹോവ സാത്താനോടു: ഇതാ, അവൻ  നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു. (ഇയ്യോബ് 2:6) . ഇയ്യോബിന്റെ ശരീരം മുഴുവൻ പരുക്കളാൽ നിറഞ്ഞു. ദൈവത്തെ തള്ളിപ്പറയാൻ ഭാര്യ അവനെ നിർബന്ധിച്ചു. അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. (ഇയ്യോബ് 2:9) . ഇയ്യോബിന്റെ മൂന്ന് സുഹൃത്തുക്കളായ തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിവർ ഇയ്യോബിനെ കാണാനായി എത്തിച്ചേർന്നു. ഏഴുദിവസമാണ് ആ സുഹൃത്തുക്കൾ ഒന്നും ശബ്ദ്ദിക്കാതെ ഇയ്യോബിന് കൂട്ടിരുന്നത്.


ഇയ്യോബും അവന്റെ സുഹൃത്തുക്കളും അതിനുശേഷം ദീർഘമായി സംസാരിക്കുന്നുണ്ട്. ഇയ്യോബിന് ഈ ദുരിതങ്ങൾ വരാനുള്ള കാരണങ്ങൾ കണ്ടെത്താൻ അവന്റെ സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. ചുഴലിക്കാറ്റിൽ നിന്ന് ദൈവം ഇയ്യോബിനോട് സംസാരിക്കുന്നുണ്ട്. ഇയ്യോബിന്റെ സംശയങ്ങൾക്കെല്ലാം ദൈവം ഉത്തരം നൽകുന്നു. വളരെയേറേ ചോദ്യങ്ങൾ ദൈവം ഇയ്യോബിനോട് ചോദിക്കുമ്പോളവൻ നിശബ്ദ്ദനായി മാറുന്നു. "നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു." (ഇയ്യോബ് 42:2) എന്ന് ഇയ്യോബ് ദൈവത്തോട് പറയുന്നു. ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. (ഇയ്യോബ് 42:5) . തന്നെക്കുറിച്ച് ഹിതകരമായി പറയാത്തുകൊണ്ട്  യഹോവയ്ക്ക് ഇയ്യോബിന്റെ സുഹൃത്തുക്കളോട് കോപം ഉണ്ടായി. അവർ യഹോവയ്ക്കായി ഹോമയാഗം കഴിക്കുകയും ഇയ്യോബ് തന്റെ സുഹൃത്തുക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടീ പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത് എന്താണ്? ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു. (ഇയ്യോബ് 42:10) .

ദൈവഭക്തനായ ഇയ്യോബിനെ പരീക്ഷിക്കാൻ ശ്രമിച്ച് സാത്താന് തോറ്റ് പിന്മാറേണ്ടീവന്നു. സമ്പത്തും പ്രതാപവും മക്കളും ബന്ധുക്കളും നഷ്ടപ്പെട്ട് രോഗാവസ്ഥയിൽ ആയാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ കരുതി. പക്ഷേ തന്റെ ദൈവത്തെ തള്ളിപ്പറയാൻ തന്റെ ദുരവസ്ഥയിലും സാത്താൻ തയ്യാറായില്ല. {സാത്താൻ ദൈവത്തിന്റെ മുമ്പിൽ നിന്നതായി പഴയനിയമത്തിൽ രണ്ട് ഭാഗങ്ങളിൽ നമുക്ക് കാണാൻ സാധിക്കൂം. 1. ഇയ്യോബിനെ പരീക്ഷിക്കാൻ 2. സെഖർയ്യാവ് 3:2) }. ഇയ്യോബിനെപ്പോലെ കഷ്ടതയിൽ കൂടി കടന്നുപോയാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും. അപ്പോൾ നമ്മുടെ ജിവിതത്തിൽ ദൈവത്തിനുള്ള സ്ഥാനം എന്തായിരിക്കൂം?
കഷ്ടതയിൽ കൂടി കടന്നുപോകുമ്പോൾ നമ്മൾ നിലവിളിക്കുമ്പോൾ നമ്മുടെ നിലവിളി ദൈവം കേൾക്കുമോ? സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു , "എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ  തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി." (സങ്കീർത്തനം 18:6) ; എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ  എനിക്കു ഉത്തരം അരുളുകയും ചെയ്തു. (സങ്കീർത്തനം 120:1) . കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു (റോമർ12:13)

ഇയ്യോബിനെപ്പോലെ തന്നെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോയ ഒരാളാണ് നവോമി. യെഹൂദയിലെ ബേത്ത്ലേഹിമിലെ ക്ഷാമകാലത്ത് നൊവൊമി തന്റെ ഭര്‍ത്താവായ എലീമേലെക് മക്കളായ മഹ്ലോന്‍ , കില്യോന്‍ എന്നിവരോടൊപ്പം മോവാബ് ദേശത്ത് എത്തുകയായിരുന്നു. എലീമേലെക് മരിച്ചതിനുശേഷം നൊവൊമിയുടെ മക്കളായ മഹ്ലോന്‍ രൂത്തിനേയും , കില്യോന്‍ ഒര്‍പ്പ എന്നീ മൊവാബ്യ സ്ത്രികളെ വിവാഹം കഴിച്ചു. പത്തുവര്‍ഷത്തിനുശേഷം നൊവൊമിയുടെ രണ്ടാണ്മക്കളും മരിച്ചു. ബേത്ത്ലേഹിമിലെ ക്ഷാമം തീര്‍ന്നതായി കേട്ട നൊവമി തന്റെ രണ്ടു മരുമക്കളോടൊപ്പം തിരിച്ച് ബേത്ത്ലേഹിമിലേക്ക് പോകാന്‍ തീരുമാനിച്ചു.

ക്ഷാമത്തില്‍ നിന്ന് രക്ഷപെടാന്‍ മൊവാബ്യ ദേശത്തേക്ക് ഭര്‍ത്താവിനോടും മക്കളോടും കൂടെ വരികയും അവരില്ലാതെ രൂത്ത് എന്ന മരുമകളുമായി തിരിച്ച് യെഹൂദദേശത്തേക്ക് പോകേണ്ടിവന്ന ഏറ്റവും നിര്‍ഭാഗ്യവതിയായ സ്ത്രി ആയിരുന്നു നൊവൊമി. നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു എന്നാണ് (രൂത്ത് 1:21) നൊവൊമി തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നത്, മാത്രവുമല്ല തന്റെ അവസ്ഥയില്‍ ആ സ്ത്രി എത്രമാത്രം ദുഃഖിക്കുന്നു എന്നത് മനസിലാക്കണമെങ്കില്‍ ബേത്ത്ലേഹിമിലേക്ക് തിരിച്ചെത്തുന്ന നൊവൊമിയുടെ ചിന്തകള്‍ക്കൂടി മനസിലാക്കണം. നൊവൊമിയും രൂത്തും മൊവാബ്യില്‍ നിന്ന് നടന്ന് ബേത്ത്ലേഹിമില്‍ എത്തുമ്പോള്‍ പട്ടണവാസികള്‍ അവരെ സംശയത്തോടെ ആണ് കാണുന്നത്.ക്ഷാമകാലത്ത് മൊവാബ്യലേക്ക് പോയ നൊവൊമിയില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയ, മാനസികവും ശാരീരികവുമായി തളര്‍ന്ന നൊവൊമിയെ അവര്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ കഴിയാതെ വരുന്നു. ”ഇത് നൊവൊമിയോ?” എന്ന് സ്ത്രികള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. അതിനു മറുപിടിയായി നൊവൊമി പറയുന്നത് ഇപ്രകാരമാണ്. നൊവൊമി എന്നല്ല മാറാ എന്നു വിളിപ്പിന്‍. സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായതു പ്രവര്‍ത്തിച്ചിരിക്കുന്നു(രൂത്ത് 1:20). നമ്മള്‍ ജീവിതത്തില്‍ പ്രയാസങ്ങളും കഷ്ടങ്ങളും അനുഭവിക്കുമ്പോള്‍ , ജീവിതത്തിന്റെ കയ്പുനീര്‍കുടിച്ച് തളരുമ്പോള്‍ മാറായിലെ വെള്ളം ശുദ്ധീകരിച്ചതുപോലെ യഹോവ നമ്മുടെ ജീവിതത്തില്‍ നിന്ന് കയ്പ്പ് മാറ്റി നമ്മുടെ ജീവിതവും മധുരമാക്കിത്തീര്‍ക്കും എന്നുള്ളതാണ് നൊവൊമിയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

ഇയ്യോബും നവോമിയും നമുക്കുള്ള മാതൃകകളാണ്. കഷ്ടതകളിൽ കൂടി കടന്നുപോയിട്ടും ദൈവത്തെ തള്ളിപ്പറയാതെ ജീവിതം മുന്നോട്ട് കൊണ്ടൂപോയവർ. ഈ നോമ്പുകാലയളവിൽ നമ്മൾ ഓർക്കേണ്ടതാണ്. പാപം ചെയ്യാതിരുന്നവൻ നമുക്ക്‌ വേണ്ടി ക്രൂശിൽ രക്തം ചീന്തിയ നാഥനായ യേശുക്രിസ്തു നടന്ന പീഡാനുഭവ‌വഴിയിലൂടെ അവന്റെ ക്രൂശ് വഹിച്ചുകൊണ്ട് നമുക്കും സഞ്ചരിക്കാം....

https://commons.wikimedia.org/wiki/File:Book_of_Job_Chapter_19-1_(Bible_Illustrations_by_Sweet_Media).jpg

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ